2011, ജനുവരി 31, തിങ്കളാഴ്‌ച

കടല്‍ ദൂരം

വിരഹത്തിന്‍റെ
ഒരു കടല്‍ ദൂരം താണ്ടി
എന്‍റെ നൌക
നിന്‍റെ
തീരമണയുന്നു

എന്‍റെ കണ്ണുകള്‍
എല്ലാകാല്‍പ്പാടുകളിലും
ചുംബിച്ച്
നിന്നേ തിരയുന്നു

ഒടുവില്‍
ഇരുട്ടിന്‍റെ
ഒരലവന്ന്
എന്‍റെ കാഴ്ചകളെ
മറച്ചുകളയുന്നു

വിദൂരമായൊരു
നക്ഷത്രം ലക്ഷ്യമാക്കി
ഞാന്‍
ആകാശത്തേക്ക്
നടന്നുപോകുന്നു

എപ്പോഴോ
വെളിച്ചത്തിന്‍റെ
മഹാപ്രളയത്തില്‍
എന്‍റെ
സ്വപ്നം പൊലിയുന്നു

ഏതോമരുഭൂമിയില്‍
ഇപ്പോഴും
ഞാന്‍ തനിച്ചാണ്

2011, ജനുവരി 25, ചൊവ്വാഴ്ച

പ്രാവാചകന്‍റെ ഉദ്യാനം-2

ബുദ്ധപഥം
===============
അപ്പോള്‍
സിദ്ധാര്‍ത്ഥന്‍
ചോദിച്ചു
"എന്‍റെ
വചനങ്ങളെവിടെ?
നിങ്ങളുടെ
ഹൃദയത്തില്‍
തൊട്ടുണര്‍ത്തിയ കരുണയെവിടെ?"

"ഈ ആള്‍ക്കൂട്ടത്തെ
കുറിച്ചല്ല
ഞാന്‍
ചോദിക്കുന്നത്!
ആ കല്ലുകളെല്ലാം
ഉടഞ്ഞുവീഴട്ടെ"

"എന്‍റെ ജനങ്ങളെ
നിങ്ങള്‍
എല്ലാ അനുകണങ്ങളും
അഴിച്ചുവക്കുക
സ്വയം വെളിപ്പെടുക"

"നിങ്ങള്‍
നിങ്ങളിലേക്ക്
തിരിഞ്ഞുനോക്കുമ്പോള്‍
കേള്‍ക്കാം പ്രകൃതിയിലെ
ശബ്ദങ്ങള്‍...
കാണം
പ്രപഞ്ചവും
പ്രകാശവും"

"അപ്പോള്‍
നിങ്ങളുടേതായ
ചിന്തയുടെ
ഒരു നിമിഷം
നിങ്ങള്‍
നവീകരിക്കപ്പെടുന്ന
ഒരുനിമിഷം
ഉണ്ടായ് വരും..."

"ആ നിമിഷം
ഒരിറ്റു കണ്ണീര്‍
പൊഴിക്കുക...
ഈ ലോകത്തിനായ്!
അത്രമാത്രം..."

2011, ജനുവരി 24, തിങ്കളാഴ്‌ച

അടിമയുടെ ബോധൊദയം

പണ്ടുപണ്ട്
ഗൌതമന്‍
എന്നൊരു
അന്യഗ്രഹ
ജീവിയുണ്ടായിരുന്നു...

ചൊവ്വയിലെ
ങ്ങാനൊമറ്റൊ...

ഒരിക്കല്‍
അയാള്‍ക്കൊരു
ഭൂതോദയം...

ആത്മഹത്യചെയ്യണം...

നേരംപുലരുംമുന്‍പേ
എണീക്കണം...
യജമാനന്‍റെ
എരുമകളെ
കറക്കണം...

അവക്ക്
കാടിയും കച്ചയും
കൊടുക്കണം...

പിന്നെ
ഓരൊരൊ
പണികള്‍ കഴിഞ്ഞ് രാത്രി
കൊട്ടാരത്തിലെത്തിയാല്‍
മൂട്ടയും
കൊതുകും
ഭാര്യയും...

മടുത്തു...

അങ്ങിനെ
ഒരുപാതിരാത്രി
ഭാര്യയും
മകനും
ഉറങ്ങികിടക്കുമ്പോള്‍
അയാള്‍
നാടുവിട്ടു...

നടന്നുനടന്ന്
ഷീണിച്ച്
ഒരുകാഞ്ഞിര
മരത്തണലില്‍
ഇരിപ്പായി...

അവിടെ ഇരുന്ന്
അയാള്‍
ആത്മഹത്യയെകുറിച്ച്
ചിന്തിച്ചു...

വലിയൊരു
മരത്തിന്‍റെ
മുകളില്‍ നിന്ന്
താഴേക്ക് ചാടിയാലൊ...

അതൊര്‍ത്തപ്പൊള്‍
ഒരുകോരിത്തരിപ്പുണ്ടായി...

വല്ലകാട്ടുവള്ളിയും പറിച്ച്
തൂങ്ങിചത്താലൊ...

കഴുത്തില്‍
വള്ളികുരുങ്ങി
പിടഞ്ഞ് പിടഞ്ഞ്...

ചിന്തിക്കാന്‍
കുടിവയ്യ...

ഏതെങ്കിലും
വിഷക്കായ തിന്ന്...

മരണത്തെ
മഖാമുഖം കണ്ട്...

ഹൊ!

ചിന്തിച്ച് ചിന്തിച്ച്
അയാള്‍ പൊട്ടിചിരിക്കാന്‍
തുടങ്ങി...

ആത്മഹത്യചെയ്യാന്‍
ഭയന്നിട്ടാണ്

മനുഷ്യരെല്ലാം
ജീവിക്കുന്നതെന്ന്
ഓര്‍ത്തപ്പോള്‍
അയാക്ക്
ചിരിയടക്കാന്‍
കഴിഞ്ഞില്ല...

ഒടുവില്‍
ആകാഞ്ഞിരമരത്തിന്‍റെ
ചോട്ടില്‍ വച്ച്
അയാള്‍ക്ക്
ബോധൊദയം
ലഭിച്ചു...

മരിക്കുന്നതുവരെ
ജീവിക്കുക...

---------- Forwarded message ----------
From: 919539956806@mms1.live.vodafone.in
Date: Mon, 24 JAN 2011 22:00:11 +0530
Subject:
To: sivanayanam09@gmail.com

{no text body}

വിശ്വസിച്ചാലും ഇല്ലെങ്കിലും

ഇതിലേ പണ്ടൊരു
നാട്ടുവഴിയുണ്ടായിരുന്നു

എന്നെ
വീട്ടിലേക്ക്
കൊണ്ടുപോയിരുന്ന
ഇടവഴി

അന്ന്
എന്‍റെ വീടിന്‍റെ
മുറ്റവും
അപ്പുറം കാടും കിളികളും
എനിക്ക്
സ്വന്തമായിരുന്നു

എന്‍റെ സ്വന്തം രാത്രികള്‍
എന്‍റെ മാത്രം നിലാവ്

മിന്നാമിന്നികള്‍
പൂത്തിരുന്ന
രാത്രിമരങ്ങള്‍

മഞ്ഞുചൂടിയ
ഓരോകറുകനാമ്പിലും
ഓരോസൂര്യനുദിച്ചിരുന്ന
പുലരികള്‍

മഴപെയ്തൊഴിയുന്ന
രാത്രികളില്‍
മരംപെയ്തുനിറയുന്ന മൌനം

അതെ
ഇവിടെ പണ്ടൊരു
ഗ്രാമമുണ്ടായിരുന്നു
പാടവും തോടും
എവിടേക്കൊപോകുന്ന
നാട്ടുവഴികളും

ഇല്ല!
ഞാന്‍ പറഞ്ഞിട്ടും
നിങ്ങളാരും
ഒന്നും വിശ്വസിക്കുന്നില്ല

2011, ജനുവരി 22, ശനിയാഴ്‌ച

ഉടഞ്ഞ മുഖച്ഛായ

=/:">£#<@+^:;="</=:€

ചില്ലുടഞ്ഞ കണ്ണാടിയില്‍
മുഖംനോക്കിനില്‍ക്കുമ്പോള്‍
നമുക്ക് ചിതറിയ
വിചിത്രമായ
മുഖച്ഛായ

ചില്ലുടഞ്ഞ
ചിത്രത്തിലെ
കൌമാരമുഖംനോക്കി
നെടുവീര്‍പ്പിടുന്ന
ഏതൊവൃദ്ധര്‍
നമ്മുടെ നിഴലില്‍
മറഞ്ഞുനില്‍ക്കുന്നു

രാത്രിയും
പകലും മറിച്ചുനോക്കി
തിയ്യണയാത്തൊരു
സ്മശാനത്തിന്
കാലം
കാവലിരിക്കുന്നുവെന്ന്
അവര്‍ പിറുപിറുക്കുന്നു

അന്ധകാരത്തിലെവിടെയൊ
നഗ്നരായ ദേവകളുടെ
ഉന്മാദശില്‍ക്കാരങ്ങള്‍ കേട്ട്
അവര്‍
അസ്വസ്തരാകുന്നു

ഓരോപകലും
രാത്രിയുടെ
മലമുകളില്‍ നിന്ന്
ഉരുണ്ടുവീഴുമ്പൊള്‍
ആരൊ
കൈകൊട്ടി
ചിരിക്കുന്നു

ആരോപറഞ്ഞത്
================
അയാള്‍
പറഞ്ഞു...

"ഒരുജാതി
ഒരുമതം
ഒരുദൈവം
മനുഷ്യന്..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"നിന്നേപോലെ
നിന്‍റെ
അയല്‍ക്കാരനെയും
സ്നേഹിക്കുവിന്‍"

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

അയാള്‍
പറഞ്ഞു...

"ആരെയും
വിധിക്കരുത്
നിങ്ങളും
വിധിക്കപ്പെടാതിരിക്കണമെങ്കില്‍..."

അവര്‍
കൂകിവിളിച്ചു...

"ഭ്രാന്തന്‍...
ഭ്രാന്തന്‍..."

ആരൊ
അയാളോടുചോദിച്ചു...

"നിങ്ങള്‍
എന്താണു
പറഞ്ഞുകൊണ്ടിരിക്കുന്നത്?
ഈ ജനങ്ങള്‍
മുഴുവന്‍
ഭ്രാന്തന്‍
എന്നുവിളിക്കുന്നത്
കേള്‍ക്കുന്നില്ലെ?"

അയാള്‍
ശാന്തമായ് പറഞ്ഞു...

"ഭ്രാന്തുപിടിച്ച
ഒരാള്‍ക്കൂട്ടം
മറ്റെന്തുവിളിക്കാനാണ്"

പ്രവാചകന്‍റെ ഉദ്യനം-1
==================
ഗുരുവചനം
============

മതം
=====
"അത്പറയരുത്
ചിന്തിക്കരുത്
എഴുതരുത്..."

ജനങ്ങള്‍
ശബ്ദംകേട്ട
ദിക്കിലേക്ക്
തിരിഞ്ഞുനോക്കി...

മുഷിഞ്ഞവേഷത്തോടെ
അനാദിയായ
തേജസ്സോടെ
അര്‍ദ്ധനഗ്നനായ
ഒരുവൃദ്ധന്‍...

"മതങ്ങളെ
തെരുവില്‍ നിന്ന്
പ്രാര്‍ത്ഥനാ വേളയിലേക്ക്
മഹത്വപ്പെടുത്തുവിന്‍..."

അയാള്‍
തുടര്‍ന്നു...

കാലബോധമില്ലാതെ
ദേഹബോധമില്ലാതെ

"മതഗ്രന്ഥങ്ങളെ
വായനാമുറിയിലേക്ക്
ഉയിര്‍പ്പിക്കുവിന്‍...
അത്
ഹൃദയത്തെ
ഭരിക്കാതെ
ചിന്തയെസ്പര്‍ശിക്കട്ടെ..."

"മതത്തിന്‍റെ
പിരിമുറുക്കത്തില്‍നിന്ന്
മനുഷ്യരാശി
മോചിതമാകട്ടെ..."

"ജാതിഭേതം
മതദ്വെഷമേതുമില്ലാതെ
ഏവരും
സോദരത്വേനവാഴുന്ന
മാതൃകാദേശമാകട്ടെ
ഇവിടം...?"

"പലഭാഷ
പലമതം
ഒരു ഭൂമി മനുഷ്യന്..."


ഓര്‍ക്കുക
വാദിക്കാനും
ജയിക്കാനുമല്ല...
സ്നേഹിക്കാനും
ജീവിക്കാനുമാണ്...

അയാള്‍
നടന്നുനീങ്ങി...

ജാതിയില്ലാതെ...
മതമില്ലാതെ...

കാലമില്ലാതെ...
ദേശമില്ലാതെ...

2011, ജനുവരി 21, വെള്ളിയാഴ്‌ച

ഒരു ചുംബനം കൊണ്ട്
എന്‍റെ
ഹൃദയം മുറിച്ചവളെ...

കണ്ണീരുകൊണ്ടെത്ര
കഴുകിയിട്ടും
ഹൃദയത്തില്‍
ഇപ്പൊഴും
തിളങ്ങുന്നത്
ഒരു ചുണ്ടിന്‍റെ
മുറിപ്പാട്...

2011, ജനുവരി 20, വ്യാഴാഴ്‌ച

കണ്ണില്‍
കണ്ണില്‍
മുഖംപൂഴ്ത്തി
നമ്മള്‍ കരഞു
ആ പ്രളയത്തില്‍
ഞാന്‍മാത്രം
മുങ്ങിമരിച്ചതെങ്ങനെ?

ദൈവമെന്നൊരാള്‍

ആകാശചരുവിലെ
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
ഉറക്കത്തില്‍
ഞാന്‍
നടക്കാനിറങ്ങി...

കൂടെവന്നിരുന്നു
ദൈവമെന്നൊരാള്‍...

എപ്പൊഴൊ
അയാള്‍ചോദിച്ചു
"തോറ്റൊ?"

ഞാന്‍ചോദ്യഭാവത്തില്‍
അയാളെനോക്കി...

ഇപ്പോള്‍
ആ മുഖത്തിന്
എന്‍റെ
മുഖച്ഛായ...

ഞാന്‍
നെടുവീര്‍പ്പോടെ
നക്ഷത്രങ്ങളെ
നോക്കി...

എന്‍റെയുള്ളിലെ
തണുത്തകാറ്റിന്‍റെ
നിലവിളി
ദൈവം
കേട്ടുവൊ?

അയാളുടെ
സ്വരം ഞാന്‍കേട്ടു...

"എന്നും
നിന്നെതോല്‍പ്പിച്ചത്
നീമാത്രമായിരുന്നു"

ഞാന്‍
നിര്‍വ്വീകാരികതയോടെ
ദൈവത്തെനൊക്കി...
അവിടം
ശൂന്യമായിരുന്നു...

അകലെ
രാത്രിയുടെ
സൂര്യനെ
മേഘങ്ങള്‍
മറച്ചുപിടിച്ചിരുന്നു...

2011, ജനുവരി 17, തിങ്കളാഴ്‌ച

പരിചിതമല്ലാത്ത
ഒരനുഭവം
അനുഭവിച്ചുകൊണ്ടിരിക്കയാണുഞാന്‍

facebookതുറക്കാന്‍
ഞാന്‍ ഭയപ്പെടുന്നു
ഒരിക്കല്‍പോലും
കാണാത്ത
ആരൊക്കെയൊ
കൈനീട്ടി
ഹൃദയത്തെ
സ്പര്‍ശ്ലിക്കുന്നു

വിഷ്ണുമാഷിന്
അരുണ്‍പ്രസാദിന്
എല്ലാവരോടും
നന്ദിയോടെ

2011, ജനുവരി 15, ശനിയാഴ്‌ച

നില്‍ക്കു

ഒരുനിമിഷം
നില്‍ക്കു...

എന്തിനാണ്
ഉറക്കെചിന്തിച്ച്
ശബ്ദമില്ലാതെ
ചിരിക്കുന്നത്?

ഒരുനിമിഷം
നില്‍ക്കു...

എത്രകരഞ്ഞിട്ടാണ്
ഈപുഴ
ഹൃദയത്തില്‍നിന്ന്
കിഴക്കോട്ടൊഴുകുന്നത്?

ഒരുനിമിഷം
നില്‍ക്കു...

ആരേചുംബിച്ചിട്ടാണ്
ചുണ്ടുകള്‍
ഇതുപോലെ
കരിഞ്ഞുപോയത്?

ഒരുനിമിഷം
നില്‍ക്കു...
മരിച്ചിട്ട്
എത്രനാളായി

2011, ജനുവരി 11, ചൊവ്വാഴ്ച

ഭൂമിയില്‍ നിന്ന് ഇറങ്ങിപോയൊരാള്‍

==================
ഇത്ഒരു സിനിമാസംവിധായകനോടുള്ള ആരാധനാമനോഭാവമല്ല.
ലോഹിതദാസെന്ന വ്യക്തിയുടെ മനുഷ്യത്വത്തിനുമുന്നില്‍
അപ്രസക്തമായ
ഒരുപ്രണാമരേഖ
^^^^^^^^^^^^^^^^^^
നിന്‍റെ
ചിന്തയില്‍നിന്ന്
വേദനയുടെ
കരിമ്പടംപുതച്ച്
ഇടക്കെല്ലാം
ദൈവം
ഭൂമിയിലൂടെ
ഇറങ്ങിനടക്കുമായിരുന്നു

ഭ്രാന്തനായി
കൊലപാതകിയായി
വിഡ്ഢിയായി
ഞങ്ങള്‍ക്കിടയിലൂടെ
കടന്നുപോകുമായിരുന്നു

നീ
മനുഷ്യഹൃദയങ്ങളിലെ
കടലിനുമീതെ
നീനടന്നു
ജീവിതത്തിന്‍റെ
ഇടുങ്ങിയ
ഇരുള്‍വഴികളിലൂടെ
ചങ്കുകനത്ത്
അലഞ്ഞു

നിന്‍റെ
ഉള്‍ക്കാച്ചയുടെ
നോട്ടംനഷ്ടപ്പട്ട്
നിന്‍റെ
കഥാപാത്രങ്ങള്‍
ഇപ്പോള്‍
ഗ്രാമങ്ങളില്‍
ചന്തകളില്‍
തെരുവുകളില്‍
അനാഥരായിരിക്കുന്നു

അവര്‍ക്ക്
ഒരര്‍ത്ഥവുമില്ലാതായിരിക്കുന്നു

ഒടുവില്‍
ജീവിതത്തിന്‍റെ
എല്ലാതനിയാവര്‍ത്ത
നങ്ങള്‍ക്കുമൊടുവില്‍
മരണത്തിന്‍റെ
തിരശീല
വാരിപുതച്ച്
നീ
ഭൂമിയില്‍നിന്ന്
ഇറങ്ങിനടന്നു

ഇപ്പോള്‍
നീമറന്നുവച്ച
സങ്കടങ്ങള്‍
നിന്നെസ്നേഹിക്കു
ന്നവരുടെ
സ്വപ്നങ്ങളില്‍
കറുത്തപൂച്ചകളായ്
മുട്ടിയുരുമി
കുറുകുന്നുണ്ടാകണം

=================
രതീഷ്ക്യഷ്ണ

2011, ജനുവരി 10, തിങ്കളാഴ്‌ച

മരിച്ചമൌനങ്ങള്‍

മുറിയുടെ
വാതില്‍തുറക്കുമ്പോള്‍
തള്ളിവരുന്ന
അസഹ്യമായമൂകത

ഇരുട്ടിന്‍റെ
കനത്തഭാരം
ആരോഎന്‍റെ
നെഞ്ചില്‍വച്ച്
മറന്നുപോയിരിക്കുന്നു

ഓര്‍മ്മകളുടെ
ശവക്കച്ചപുതച്ച്
മരിച്ചമൌനങ്ങള്‍
എന്നെതേടിവരുന്നു

വസന്തത്തിന്‍റെ
കാലൊച്ചകേട്ട്
നിലാവേറ്റ്
നിലവിളിക്കുന്ന
ഉണങ്ങിയചില്ലകള്‍

പുകപിടിച്ചചിന്തയില്‍
ഇനിയും
എരിഞ്ഞുവിളിക്കുന്ന
വാക്കുകള്‍

നിന്നെ
കാത്തിരുന്നുമടുത്ത
രാത്രിക്ക്
ഇപ്പോള്‍
യുഗങ്ങളുടെ
പഴക്കം

മറന്നുവച്ചിരുന്നുഞാന്‍
കഴിഞ്ഞജന്മത്തില്‍
നിന്‍റെ
ഹൃദയത്തിലൊരുതുള്ളി
കണ്ണുനീര്‍

2011, ജനുവരി 9, ഞായറാഴ്‌ച

ഒരുചുംബനം കൊണ്ട്

ഒരു
ചുംബനംകൊണ്ട്
എന്‍റെ
ആകാശവും
ഭൂമിയും
നീസ്വന്തമാക്കി

ശേഷിച്ചത്
എന്‍റെ
ഹൃദയവും

നിനക്കെന്തിനാണത്?
നിന്‍റെ
ഒരൊറ്റപെനാല്‍റ്റി കിക്ക്
അതുപാതാളത്തിലെത്തിച്ചു

2011, ജനുവരി 8, ശനിയാഴ്‌ച

ദൈവത്തിന്‍റെ സ്വപ്നങ്ങള്‍

ദൈവം
സ്വപ്നംകാണാറുണ്ടൊഎന്ന്
നമ്മള്‍
ഒരുമിച്ച്സംശയിച്ചു

പ്രപഞ്ചം
ദൈവത്തിന്‍റെ
സ്വപ്നമാണെന്ന്
നീ

ദൈവം
നമ്മുടെസ്വപ്നമാണെന്ന്
ഞാന്‍

വഴിപോക്കനായ
വൃദ്ധന്‍
പറഞ്ഞത്
ദൈവത്തിന്‍റെ
സ്വപ്നങ്ങള്‍
കടലിനുമീതെ
നടക്കാറുണ്ടെന്ന്
ബോധിവൃക്ഷമായ്
തളിര്‍ക്കാറുണ്ടന്ന്

വടിയൂന്നിപോയൊരാ
അര്‍ദ്ധനഗ്നന്‍
ആരുടെ
പാഴസ്വപ്നമെന്ന്
ഞാന്‍
പരിതപിച്ചു

അത്
ഇന്ത്യയുടെ
മഹത്വമെന്ന്
നീ മന്ത്രിച്ചു

2011, ജനുവരി 6, വ്യാഴാഴ്‌ച

മരിച്ചയാള്‍ കവിത എഴുതുകയാണ്

അയാള്‍
തൂങ്ങിമരിച്ചു

വാക്കുകള്‍
തൊണ്ടയില്‍
കുരുങ്ങി
പ്രാണഞരമ്പുപൊട്ടി
കണ്ണുതുറിച്ച്
നാക്കുകടിച്ച്
അവളുടഹൃദയത്തില്‍
അയാള്‍
തൂങ്ങിമരിച്ചു

വാക്കുകളള്‍
തൊണ്ടയില്‍കുരുങ്ങി
അവളുടെഹൃദയത്തില്‍
തൂങ്ങിമരിച്ച
അയാളുടെപ്രേതം
ഇപ്പോള്‍
താടിവളര്‍ത്തി
ബീഢിവലിച്ച്
കവിത
എഴുതുകയാണ്

ചങ്കില്‍തട്ടി
വക്കുപൊട്ടിയ
വാക്കുകള്‍
എത്രചേര്‍ത്തുവച്ചിട്ടും
കവിതയാകുന്നില്ല
വാക്കുകളെത്രകടമടുത്തിട്ടും
കവിതയാകുന്നില്ല

താളുകളുടെഓരംചേര്‍ന്ന്
ശൂന്യമായ
ഇടങ്ങളില്‍
കവിത
തിരിഞ്ഞും
മറിഞ്ഞുംകിടന്നു

ഒടുവില്‍
മരിച്ചയാളുടെ
പ്രേതം
എഴുതിവച്ചതെല്ലാം
വെട്ടാന്‍തുടങ്ങി
വെട്ടി വെട്ടിഅദ്യത്തെ
വാക്കും
വെട്ടികഴിഞ്ഞപ്പൊള്‍
ഒരുകവിത
പൂര്‍ത്തിയായി

[ഇതിനെയാണൊ
കവ്യനീതിയെന്നുപറയുന്നത്]

ഏതു മഴക്കാലമാണത്...

പുറത്ത്മഴ ആര്‍ത്തുപെയ്യുന്നു...
ഓര്‍മ്മകളുടെ പെരുമഴയില്‍ കുത്തിയൊലിച്ച് ഞാനൊരു ഓലകുടിലില്‍
ഞെട്ടിയുണരുന്നു...

ഏതുമഴക്കാലമാണത്?

ഒരു തീപ്പട്ടികൊള്ളിപ്രാണന്‍പൊട്ടികത്തുന്ന ശബ്ദം...
മണ്ണെണ്ണവിളക്കിന്‍റെ
മഞ്ഞവെളിച്ചത്തില്‍
ഒരുമുഖം...

അമ്മയാണ്...

മഴവെള്ളം
ഇറ്റുവീഴുന്നിടത്തെല്ലാം
പാത്രങ്ങള്‍...
നനയാതെ
ചുരുട്ടിവച്ചപായയില്‍
അമ്മയുടെ
മടിയില്‍
ഞാന്‍കിടന്നു...
മഴയുടെ തണുത്തതുള്ളികള്‍
ഇടക്കിടെ
മുഖത്ത്
തെറിച്ചുവീഴുണു...
എപ്പൊഴൊ
ഒരുചൂടുള്ള
മഴത്തുള്ളി...

നെഞ്ചില്‍
തടഞ്ഞ്
അത്ചുട്ടുപൊള്ളി...

ഒരു
വിളി...
ഒരു
തെറിവിളി...

അച്ഛനാണ്...

മുറ്റത്ത്
ഇറവെള്ളം
നിറഞ്ഞ
പാത്രങ്ങള്‍
മറിഞ്ഞുവീഴുന്നു...

ഏതുമഴക്കാലമാണത്...

2011, ജനുവരി 4, ചൊവ്വാഴ്ച

ദൈവനാമത്തില്‍

എന്താണ്
നീ
ചോദിച്ചത്?

ദൈവം
ചിരിക്കുമൊ
എന്നൊ?

അപ്പൊള്‍
ഞാന്‍
കരയുകയായിരുന്നല്ലൊ...

എന്താണ്
നീചോദിച്ചത്?

ദൈവത്തെ
കാണാനാകുമൊ എന്നൊ?

അപ്പൊള്‍
ഞാന്‍
നിന്‍റെ
കണ്ണുകളില്‍
ഉറ്റുനോക്കുകയായിരുന്നല്ലൊ...

എന്താണ്
നീചോദിച്ചത്?

ദൈവത്തെ
ഉമ്മവക്കാനാകുമൊ എന്നൊ?

അപ്പൊള്‍
എന്‍റെ
ചുണ്ടുകള്‍
നിന്‍റെ
കുഞ്ഞിളം
കൈകളില്‍
അമര്‍ന്നിരിക്കയായിരുന്നല്ലൊ...